ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ ദുർഗ് സെഷൻസ് കോടതി, ഹർജി തള്ളുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും.
കേസിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാൽ, കേസ് പരിഗണിക്കേണ്ടത് എൻഐഎ കോടതിയാണെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേസ് ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക് കൈമാറാൻ ഉത്തരവിട്ടു. ജാമ്യത്തിനായി ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ ഇവരുടെ ജാമ്യാപേക്ഷ പ്രാഥമിക കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി നടപടികൾക്കിടെ, ബജ്റംഗ്ദൾ പ്രവർത്തകർ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. ജാമ്യാപേക്ഷ തള്ളിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രവർത്തകർ, മതപരിവർത്തനത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.