മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഒറ്റക്കൊമ്പന്‍

12:37 PM Sep 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മൂന്നാറിലെ ജനവാസ മേഖലയിൽ 'ഒറ്റക്കൊമ്പൻ' എന്ന് വിളിപ്പേരുള്ള കാട്ടാനയിറങ്ങി. മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.രാത്രി ഏകദേശം 9:30 ഓടെ പെരിയവര തോട്ടം മേഖലയിലാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്. ദേശീയപാതയിലൂടെ വാഹനങ്ങൾക്കിടയിലൂടെയാണ് കാട്ടാന നടന്നുനീങ്ങിയത്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക പടർത്തിയിരിക്കുകയാണ്. നിരവധി വാഹനയാത്രക്കാരടക്കം വലിയ രീതിയിൽ ഭയന്നുപോയെങ്കിലും, ആന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. പിന്നീട് ആന കാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ന് രാവിലെയും പെരിയവരയിലെ തോട്ടം മേഖലയിൽ തന്നെയാണ് ഒറ്റക്കൊമ്പൻ തുടരുന്നത്. കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് തോട്ടം മേഖലയിലെ തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. രാവും പകലും റോഡിലും തോട്ടങ്ങളിലും ആനയെ കാണുന്നത് പതിവായതിനാൽ ജനങ്ങൾ ഭീതിയിലാണ്.