പഹൽ ഭീകരാക്രമണത്തിന് പിന്നാലെ ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. ലാഹോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാൻ പ്രത്യേക ഡ്രോൺ സംവിധാനം ഒരുക്കിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ലഷ്കറെ തയിബ എന്നീ സംഘടനകളുടെ സംയുക്ത സുരക്ഷാ വലയത്തിലാണ് ഇയാൾ എന്നും താമസിക്കുന്നതിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തെങ്കിലും ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഹാഫിസ് സയീദിനു പ്രധാന പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികള്‍. ആഗോള ഭീകരനായി പ്രഖ്യാപിച്ച ഇയാളെ പിടിച്ചുകൊടുക്കുന്നവർക്ക് 10 മില്യൺ യുഎസ് ഡോളർ പാരിതോഷികം യുഎസ് പ്രഖ്യാപിച്ചിരുന്നു.