+

'ഇന്ത്യ വിട്ടുപോകണം'; ഇല്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന 3 പാകിസ്ഥാൻ പൗരൻമാർ‌ക്ക് നോട്ടീസ്

കോഴിക്കോട്: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താമസിക്കുന്ന 3 പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ്. പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. 3  പേർ ഇന്ത്യ വിടണം.പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ തുടരാൻ കഴിയുക നാളെ വരെ മാത്രമാണ്. രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.കൊയിലാണ്ടിയിൽ താമസിക്കുന്ന 79 കാരനായ ഹംസയോടും വടകരയിൽ താമസക്കാരായ രണ്ടുപേരോടും രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്. പാക്കിസ്ഥാൻ പാസ്പോർട്ട് കൈവശമുള്ള ഹംസ 2007 മുതൽ കൊയിലാണ്ടിയിൽ സ്ഥിരതാമസമുള്ള  ആളാണ്. കേരളത്തിൽ ജനിച്ച ഹംസ തൊഴിൽ തേടി പിന്നീട് കറാച്ചിയിലേക്ക് പോയതാണ്. 2007ൽ തിരികെ കേരളത്തിലേക്ക് എത്തി ഇന്ത്യൻ പൗരത്വത്തിന് ശ്രമിച്ചെങ്കിലും അത് സ്വന്തമാക്കാനായില്ല. അതാണ് ഹംസയ്ക്ക് ഇപ്പോൾ വിനയായത്.

കേരളത്തിലെ മറ്റ് പാക്കിസ്ഥാൻ പൗരന്മാർക്കും രാജ്യം വിടാൻ നോട്ടീസ് നൽകിയിട്ടുണ്ട്പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്. മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായിരുന്നു.തുടർന്ന് പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. 48 മണിക്കൂർ സമയമാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നത്. പിന്നീട് പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഇന്ത്യയിൽ നിന്ന് തിരിച്ചയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിരുന്നു.




facebook twitter