ഈ സുപ്രധാന ഉച്ചകോടിയിൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നേരിട്ട് പങ്കെടുക്കുന്നില്ല എന്നത് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് നിലനിൽക്കുന്നതിനാലാണ് പ്രസിഡന്റ് പുടിൻ യാത്ര ഒഴിവാക്കുന്നത്. അതേസമയം, ചൈനീസ് പ്രസിഡന്റിന്റെ അഭാവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
എന്നാൽ, ഈ സാഹചര്യം ഇന്ത്യയുടെ ശബ്ദത്തിന് ആഗോള വേദിയിൽ കൂടുതൽ പ്രാധാന്യം നൽകുകയാണ്. പ്രധാനമന്ത്രിയുടെ യാത്ര ബ്രിക്സ് ഉച്ചകോടിയിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, അഞ്ച് സുപ്രധാന രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു തന്ത്രപ്രധാനമായ പര്യടനമാണിത്.പര്യടനം ആരംഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധം നൽകും.
അടുത്തത്, കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ. അവിടുത്തെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്, ആ രാജ്യത്തിന് ഭാരതം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.
തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്റീനയിലേക്കും ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്കും അദ്ദേഹം യാത്ര തിരിക്കും.പര്യടനത്തിന് സമാപനം കുറിക്കുന്നത് ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ സന്ദർശനത്തോടെയാണ്.
രണ്ട് പ്രമുഖ നേതാക്കളുടെ അഭാവത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് ബ്രിക്സ് വേദിയിൽ കൂടുതൽ പ്രസക്തിയേറും. ഗ്ലോബൽ സൗത്തിന്റെ (വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ) ശബ്ദമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പര്യടനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.