കൊച്ചി:ഹിരണ്‍ ദാസ് മുരളി എന്ന റാപ്പര്‍ വേടന്റെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലയിലേത് പുലിപ്പല്ലാണെന്ന് ഉറപ്പിച്ചത്.അഞ്ചു വയസുള്ള പുലിയുടേതെന്നാണ് കണ്ടെത്തൽ. ഇതോടെ വനംവകുപ്പ് വേടനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വേടന്റെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും വാക്കത്തിയും പോലീസ് കണ്ടെടുത്തു. ഇതും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്ളാറ്റില്‍ എറണാകുളം ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഫ്ളാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ വേടന് ഉള്‍പ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടന് സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടന് മൊഴിനല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. മാലയിലെ പുലിപ്പല്ല് തായ്ലാന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു വേടന്റെ മൊഴി. ഇതോടെ കണ്ടെടുത്തത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോടനാടുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വേടനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഫ്ളാറ്റിലെ പരിശോധനയില്‍ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടന്റെ മൊഴി.
അതേ സമയം പൊലീസിന്റെ വേട്ടയാടൽ ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു വേടന്റെ മറുപടി. കേസിനെ നിയമപരമായി നേരിടുമെന്ന് വേടൻ പറഞ്ഞു.