+

തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറ്റം ചെയ്തു; അമ്മയ്‌ക്കെതിരെ കേസെടുത്തു

തൃപ്പൂണിത്തുറ/കൊച്ചി: ചോറ്റാനിക്കര സ്വദേശിനി പ്രസവിച്ച കുഞ്ഞിനെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയെന്ന വിവരത്തെ തുടർന്ന്‌ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ മൂന്നാമത്തെ പ്രസവത്തിലെ കുഞ്ഞിനെ കൈമാറിയതായി വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ചോറ്റാനിക്കര പൊലീസാണ്‌ പ്രാഥമികാന്വേഷണം ആരംഭിച്ചത്‌.അമ്മയുടെ ബന്ധു മുഖേനയാണ് കൈമാറിയതെന്നാണ് വിവരം.

നാളെ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട തൃശൂർ സ്വദേശിയുമായി കുറച്ചുനാൾമുമ്പ്‌ നാടുവിട്ടിരുന്നു. ഈ സമയം ഇവർ ഗർഭിണിയായിരുന്നു. ആദ്യഭർത്താവിലുള്ള കുഞ്ഞിനെ വളർത്താൻ യുവാവ് തയ്യാറാകാത്തതിനാൽ കൈമാറിയതെന്നാണ് പൊലീസ്‌ സംശയിക്കുന്നത്. ആശാ വർക്കർമാർ മുഖേനയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലായിരുന്നു പ്രസവമെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

കുഞ്ഞിനെ തൃപ്പൂണിത്തുറ പരിസരത്തുവച്ച് കൈമാറിയതായാണ് വിവരം. പൊലീസ് യുവതിയെ വിളിപ്പിച്ച് വിവരങ്ങൾ തേടി. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാനും യുവതിയോട്‌ ആവശ്യപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതിയും വിവരങ്ങൾ തേടിയിട്ടുണ്ട്‌.


facebook twitter