+

'എന്നെ ചില കാര്യങ്ങളില്‍ അനുകരിക്കാതിരിക്കുക';'ഒറ്റയ്ക്കാണ് വളര്‍ന്നത്, പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല; നിറഞ്ഞ സദസ്സില്‍ പാടി വേടന്‍

തൊടുപുഴ: സഹോദരനായ തന്നെ ചില കാര്യങ്ങളില്‍ കുട്ടികള്‍ അനുകരിക്കരുതെന്ന് ഇടുക്കിയിലെ പരിപാടിക്കിടെ റാപ്പര്‍ വേടന്‍. ഒറ്റയ്ക്കാണ് വളര്‍ന്നത് എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ നല്ല ശീലങ്ങള്‍ കണ്ടുപഠിക്കുക, എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നന്ദിയെന്നും വേടന്‍ പരിപാടിക്കിടെ പറഞ്ഞു.

തിങ്ങിനിറഞ്ഞ സദസ്സില്‍ ആയിരങ്ങളാണ് പരിപാടി കാണാന്‍ എത്തിയത്. മന്ത്രിമാരായ കെഎന്‍ ബാലഗോപാലും റോഷി അഗസ്റ്റിനും പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാരും പൊതുജനങ്ങളും വേടനൊപ്പമാണെന്നും മന്ത്രിമാര്‍ പറഞ്ഞു.

'നിങ്ങള്‍ എന്നെ കാണുന്നതും കേള്‍ക്കുന്നതും നിങ്ങളുടെ സഹോദരന്‍ എന്ന നിലയ്ക്കാണ്. ഞാന്‍ കുട്ടികള്‍ക്ക് വലിയ സ്വാധീനമാകുന്നുണ്ട്. എന്നെ കേള്‍ക്കുന്ന അനിയന്‍മാരും അനിയത്തിമാരും എന്റെ ദുശ്ശിലങ്ങളില്‍ പെടാതിരിക്കുക. എന്നെ കാണാന്‍ ഇവിടെയെത്തിയ എല്ലാവര്‍ക്കും നന്ദി. എനിക്ക് ധൈര്യമായി പുറത്തിറങ്ങാന്‍ പറ്റിയത് നിങ്ങളുള്ളത് കൊണ്ടാണ്. ഇനിയും വരും നിങ്ങളുടെ മുന്നില്‍..' വേടന്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്‍ പാടിയത്. കേസില്‍ ഉള്‍പ്പെട്ട ശേഷം വേടന്‍ നടത്തുന്ന ആദ്യ സ്റ്റേജ് ഷോ കൂടിയായിരുന്നു ഇത്.ഉദ്ഘാടന ദിവസമായ 29ന് വേടന്റെ റാപ്പ് അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 28ന് കഞ്ചാവ് കേസില്‍ വേടന്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നാലെ പുലിപ്പല്ല് കേസിലും വേടന്‍ പിടിയിലായി. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചതോടെ വീണ്ടും പരിപാടിക്ക് സംഘാടകര്‍ അനുമതി നല്‍കുകയായിരുന്നു.


facebook twitter