+

നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതിയുടെ നടപടി യാന്ത്രികമായ അധികാര വിനിയോഗമാണെന്ന് വ്യക്തമാണെന്നും നടന് ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിലുള്ള നടൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ജസ്റ്റിസ്. ആർ. മഹാദേവൻ നിരീക്ഷിച്ചു.

നന്നായി പഠിച്ചുള്ള വിധിയാണ് ജസ്റ്റിസ് ആർ.മഹാദേവന്റെതെന്നും പ്രതി എത്ര വലിയവനായാലും ആരും നിയമത്തിനു മുകളിലല്ലെന്നുമുള്ള സന്ദേശം വിധി നൽകുന്നുവെന്നും ജസ്റ്റിസ് ജെ.ബി.പർദിവാല പറഞ്ഞു. ദർശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. തുടർന്ന് 2024 ഒക്ടോബർ 30ന് കർണാടക ഹൈക്കോടതി ദർശന് ജാമ്യം അനുവദിക്കുകയായിരുന്നു. കാലിന് ശസ്ത്രക്രിയ നടത്താനായിരുന്നു ജാമ്യം.


facebook twitter