കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വയറിളക്കവും പനിയും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്രവത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടു.
കുട്ടിയും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഒരുമിച്ച് യാത്ര പോയിരുന്നതായും ഈ യാത്രയ്ക്കിടയിൽ പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിച്ച വെള്ളത്തിൽ നിന്നോ ആകാം രോഗബാധ ഉണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രതിരോധ നടപടിയുടെ ഭാഗമായി കുട്ടിയുടെ കുടുംബാംഗങ്ങളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല.
രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാവൂരിൽ പനി ബാധിച്ച് മരിച്ച 54-കാരിക്കും ഷിഗെല്ല ബാധ സ്ഥിരീകരിച്ചിരുന്നു. പ്രായഭേദമന്യേ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.