+

അധ്യാപകനും എട്ടാം ക്ലാസ് വിദ്യാർഥിനിയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, വ്യാജ ആധാർ കാർഡ് കണ്ടെത്തി;ജീവനൊടുക്കിയതെന്ന് സംശയം

അലീഗഢ്: സ്വകാര്യ സ്കൂൾ അധ്യാപകനെയും എട്ടാം ക്ലാസ് വിദ്യാർഥിനിയെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അലീഗഢിൽ റൊറാവർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിലാണ് ഇരു​വരെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ചന്ദ്രബെൻ കുമാർ എന്ന അധ്യാപകനാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കൊപ്പം അലീഗഢിലെ ഒരു ‘ഓ​യോ’ ഹോട്ടലിൽ തിങ്കളാഴ്ച മുറിയെടുത്തത്. ഇരുവരുടെയും ഐഡന്റിറ്റി കാർഡുകൾ നൽകിയ ശേഷമാണ് മുറി വാടകക്കെടുത്തത്.

മുറിയിൽ കയറി മണിക്കൂറുകൾ കഴിഞ്ഞും ഇരുവരും പുറത്തുവരാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ കതകിൽ ഏറെനേരം മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന്, ഹോട്ടലിൽ സൂക്ഷിക്കുന്ന താക്കോൽ കൊണ്ട് റൂം തുറന്നുനോക്കിയപ്പോൾ ഇരുവരും മരിച്ചു കിടക്കുന്നതാണ് കണ്ടത്.പെൺകുട്ടിയുമായി അധ്യാപകന് അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം നേരത്തേ ഇക്കാര്യം അറിഞ്ഞപ്പോൾ അതിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു. കുട്ടിയെ ട്യൂഷന് പോകുന്നതിൽനിന്ന് കുടുംബം വിലക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ ആധാർ കാർഡ് അധ്യാപകൻ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ മുറിയെടുക്കാൻ വേണ്ടിയാണ് ഈ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചതായി അലീഗഢ് പൊലീസ് അറിയിച്ചു​.



facebook twitter