കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയ രോഗങ്ങൾ വർധിക്കാൻ സാധ്യത എന്ന് ആരോഗ്യവകുപ്പ്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ എല്ലായിടത്തും ഉറപ്പാക്കാനും നിർദേശമുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നതിന് പിന്നാലെയാണ് വിലയിരുത്തൽ.
എല്ലാ തദ്ദേശസ്ഥാപനങ്ങളും മെയ് 15നകം രോഗ പ്രതിരോധത്തിനായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കണമെന്നും നിർദേശമുണ്ട്. അതോടൊപ്പം, പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ എല്ലായിടത്തും ഉറപ്പാക്കാനും ആവശ്യപ്പെട്ടു. കൊതുക് ജന്യരോഗങ്ങൾ വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രത കലണ്ടറുകൾ പ്രകാരം ഫീൽഡ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശമുയർന്നു.
തദ്ദേശസ്ഥാപനങ്ങൾ കൃത്യമായി കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യം ശക്തമാക്കണമെന്നും സ്വകാര്യ ആശുപത്രികളുൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.