+

പ്രമുഖ വാർത്താ വെബ്​സൈറ്റ് ‘ദി വയർ’ ബ്ലോക്ക് ചെയ്തു; വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പ്

ന്യൂഡൽഹി: ‘ദി വയർ’ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു.വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം കേന്ദ്ര സർക്കാർ തടഞ്ഞതായി ഫേസ്ബുക്ക് പേജിൽ ദി വയർ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.  2000ലെ ഐ.ടി ആക്ട് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരമാണ് വെബ്​സൈറ്റ് രാജ്യവ്യാപകമായി വിലക്കിയതെന്ന് ‘ദി വയർ’ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. സെൻസർഷിപ്പിനെ എതിർക്കുന്നതായും ഈ നീക്കത്തെ വെല്ലുവിളിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

‘ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കമാണിത്. സെൻസർഷിപ്പിനെ വെല്ലുവിളിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സത്യസന്ധവും കൃത്യവുമായ വാർത്തകൾ നൽകുന്നതിൽനിന്ന് ഞങ്ങൾ പിന്തിരിയില്ല. നിർണായകമായ ഈ സമയത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നായ, സത്യസന്ധവും നീതിയുക്തവും യുക്തിസഹവുമായ വാർത്തകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. നിങ്ങളുടെ പിന്തുണയിലാണ് കഴിഞ്ഞ 10 വർഷമായി ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സമയത്തും എല്ലാവരും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു. സത്യമേവ ജയതേ എന്ന് പറഞ്ഞാണ് ദി വയർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളുടേതടക്കം 8000ത്തോളം അക്കൗണ്ടുകൾ സസ്​പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതായി ‘എക്സ്’ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് മക്തൂബ് മീഡിയ, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ എന്നിവയുടെതടക്കമുള്ള എക്‌സ് ഹാൻഡിലുകൾ മരവിപ്പിച്ചത്.


More News :
facebook twitter