പൂജപ്പുര ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്

09:35 AM Aug 18, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം പൂജപ്പുര ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെൻട്രൽ ജയിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കഫറ്റീരിയയിൽ നിന്നാണ് നാല് ലക്ഷത്തോളം രൂപ കവർന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇന്ന് പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കഫറ്റീരിയ തുറക്കാനെത്തിയ ഉദ്യോഗസ്ഥരാണ് മോഷണവിവരം ആദ്യം അറിയുന്നത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂജപ്പുര പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

More News :


തുടർച്ചയായ അവധി ദിവസങ്ങളായതിനാൽ മൂന്ന് ദിവസത്തെ കളക്ഷൻ തുക കഫറ്റീരിയയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാധാരണയായി ഓരോ ദിവസത്തെയും കളക്ഷൻ ട്രഷറിയിൽ അടയ്ക്കുന്നതാണ് പതിവ്. എന്നാൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ബാങ്ക് അവധി കാരണം തുക തിങ്കളാഴ്ച അടയ്ക്കാനായി മാറ്റിവെക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോൾ മോഷണം പോയത്.


ജയിൽ വകുപ്പിന്റെ കീഴിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നാണിത്. സംഭവത്തിന് പിന്നിൽ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.