+

തേവലക്കരയിൽ മിഥുന്റെ ജീവനെടുത്ത ത്രീഫേസ് ലൈൻ അഴിച്ചുമാറ്റി; നടപടി ബാലാവകാശ കമ്മീഷൻ ഇടപെടലിന് പിന്നാലെ

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ ജീവനെടുത്ത ത്രീഫേസ് ലൈന്‍ അഴിച്ചുമാറ്റി. ഇന്നലെ സ്‌കൂള്‍ അധികൃതര്‍ കെഎസ്ഇബിയില്‍ പണം അടച്ചതിന് പിന്നാലെ രാത്രിയാണ് ജീവനക്കാരെത്തി ലൈന്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റിയത്. തിങ്കളാഴ്ച സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പായി സ്‌കൂളിന് മുകളിലൂടെ പോകുന്ന ത്രീഫേസ് ലൈന്‍ നീക്കം ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അപകടമുണ്ടായ സൈക്കിള്‍ ഷെഡിന് മുകളിലെ തൂങ്ങിക്കിടക്കുന്ന കമ്പികള്‍ ഇന്‍സുലേറ്റ് ചെയ്യാനായിരുന്നു കെഎസ്ഇബിയുടെ ആദ്യനീക്കം. എന്നാല്‍ ലൈന്‍ നീക്കം ചെയ്‌തേ മതിയാവൂ എന്ന് ബാലാവകാശ കമ്മീഷന്‍ അറിയിക്കുകയായിരുന്നു. മിഥുന്റെ മരണത്തില്‍ നിലവില്‍ പ്രധാനാധ്യാപികയ്ക്ക് എതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്. സ്‌കൂള്‍ മാനേജരില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയ്‌ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം.

facebook twitter