+

തൃശൂര്‍ പീച്ചിയിൽ രേഖകളില്ലാത്ത പണം പിടികൂടി

തൃശൂർ പീച്ചിയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ രേഖകളില്ലാത്ത 62.5 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഉദയിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന 'KA 57 F 3953' എന്ന നമ്പറിലുള്ള സ്ലീപ്പർ ബസ്സിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം എക്സൈസ് വകുപ്പ് നടത്തുന്ന 'സ്പെഷ്യൽ ഡ്രൈവി'ന്റെ ഭാഗമായായിരുന്നു പരിശോധന.

പിടികൂടിയ പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ യാത്രക്കാരന് സാധിച്ചിട്ടില്ല. ഇത്രയും വലിയ തുക എന്തിനുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. പിടിച്ചെടുത്ത പണം തുടർനടപടികൾക്കായി ഇലക്ഷൻ സ്റ്റാറ്റിസ്റ്റിക്സ് സർവൈലൻസ് ടീമിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കസ്റ്റഡിയിലുള്ള കർണാടക സ്വദേശിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിച്ചതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

facebook twitter