തൃശ്ശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ. സുരേന്ദ്രനെ അവിടെ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം നേരത്തെ തന്നെ താല്പര്യം അറിയിച്ചിരുന്നു. കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലം തിരിച്ചുപിടിക്കാൻ രാജീവ് ചന്ദ്രശേഖറിനെ തന്നെ ഇറക്കാനാണ് സാധ്യത.
മറ്റു പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളിലും ധാരണയായിട്ടുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്തും, പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും, വി.വി. രാജേഷ് തിരുവനന്തപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളാകുമെന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പുതുക്കാട് അല്ലെങ്കിൽ ആലപ്പുഴ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിന്റെ പേരും ചർച്ചയിലുണ്ട്.
മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിലും, ഗവർണർ സ്ഥാനം ഒഴിഞ്ഞെത്തിയ പി.എസ്. ശ്രീധരൻ പിള്ള ചെങ്ങന്നൂരിലും മത്സരിച്ചേക്കും. കേരള കോൺഗ്രസ് നേതാക്കളായ ഷോൺ ജോർജ്, പി.സി. ജോർജ് എന്നിവരും എൻഡിഎ സ്ഥാനാർത്ഥികളായി മത്സരരംഗത്തുണ്ടാകും.