'നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും'; വി ഡി സതീശൻ

12:04 PM Apr 04, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മാധ്യമങ്ങളും ഏജൻസികളും പുറത്തുവിടുന്ന അഭിപ്രായ സർവ്വേകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിലവിൽ പുറത്തുവരുന്ന സർവ്വേകളിൽ ഭൂരിഭാഗവും വസ്തുതാപരമല്ലെന്നും ഇവയെല്ലാം 'പെയ്ഡ്' സർവ്വേകളാണെന്നും അദ്ദേഹം ആരോപിച്ചു. കാസർഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും കാപട്യത്തിന്റെ മുഖമാണ് കാണിക്കുന്നതെന്ന് സതീശൻ പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്ന മുഖ്യമന്ത്രി, എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണയെക്കുറിച്ച് മിണ്ടുന്നില്ല. എസ്ഡിപിഐ ഒരു തീവ്രവാദ സംഘടനയാണെന്ന് സിപിഎം തന്നെ പ്രഖ്യാപിച്ച കാര്യമാണ്. ആ സംഘടനയുമായി കൈകോർത്താണ് സിപിഎം ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസുമായി സിപിഎമ്മിന് അന്തർധാരയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.


തിരഞ്ഞെടുപ്പ് സർവ്വേകൾ ജനവികാരത്തിന് വിപരീതമാണെന്ന് സതീശൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും സമാനമായ സർവ്വേകൾ പുറത്തുവന്നിരുന്നു, എന്നാൽ ഫലം മറിച്ചായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും തങ്ങൾ പറഞ്ഞ ഫലം മാറിവന്നിട്ടില്ല. ജനവികാരം യുഡിഎഫിന് അനുകൂലമാണ്. നൂറിലധികം സീറ്റുകൾ നേടി ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.