ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം, മൃഗശാലയിൽ പതിവ് പരിശോധനയ്ക്കിടെ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

07:19 PM Mar 20, 2026 | വെബ് ടീം

ബെംഗളുരു: മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ.

വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഡോക്ടര്‍ മരിച്ചത്. 

ഡോക്ടറെ ആക്രമിച്ച ഹിപ്പോയെ നാല് വര്‍ഷം മുമ്പാണ് മൈസൂരു മൃഗശാലയില്‍ നിന്ന് ശിവമൊഗ്ഗ സഫാരിയിലേക്ക് കൊണ്ടുവന്നത്. ഗര്‍ഭിണിയായതിനാല്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നാലു ദിവസം മാത്രമാണ് പ്രസവിക്കാനുണ്ടായിരുന്നത്.ബെംഗളൂരുവില്‍ താമസിക്കുന്ന സമീക്ഷ ബിസിനസുകാരനായ ധ്രുവ കുമാറിന്റെയും ഷൈലജയുടെയും ഏക മകളായിരുന്നു. ബെംഗളൂരുവിലും ശിവമൊഗ്ഗയിലും വെറ്ററിനറി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒന്നരമാസം മുമ്പാണ് പ്രത്യേക പരിശീലനത്തിനായാണ് മൃഗശാലയില്‍ എത്തിയത്.