വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം

01:29 PM Jul 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. സാമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് നടത്തിയ പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ജനുവരിയിലാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി,ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തിരുന്നു. ജ്യോതി പാകിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയതായും പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയിരുന്നു. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിനും ശേഷമായിരുന്നു ജ്യോതി മൽഹോത്രയെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തത്.