വോട്ടര്‍ പട്ടിക ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

09:13 AM Aug 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ന് രാജ്യത്തെ എല്ലാ ഡിസിസി ഓഫീസുകളിലും പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്താൻ പാർട്ടി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.


രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 'ഇൻഡ്യ' മുന്നണി നേതാക്കളെ ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകൾ കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ രേഖകൾ സഹിതം ആരോപിച്ചിരുന്നു. 11,965 വ്യാജ വോട്ടർമാർ, 40,009 വ്യാജവും അസാധുവുമായ വിലാസങ്ങൾ, ഒരു വിലാസത്തിൽ 10,452 വോട്ടർമാർ എന്നിങ്ങനെയുള്ള കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടത്. ഈ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.


"വോട്ട് ചോർ, ഗഡ്ഡി ഛോഡ്" എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ പരിപാടികൾ. ഇന്നത്തെ പന്തംകൊളുത്തി പ്രകടനത്തിന് പിന്നാലെ, ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ സംസ്ഥാന പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിക്കും. തുടർന്ന്, സെപ്റ്റംബർ 15 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പുശേഖരണ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.


ഈ വിഷയം ഒരു രാഷ്ട്രീയ പോരാട്ടം എന്നതിലുപരി ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ബിഹാറിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. വോട്ടർ പട്ടിക ശുദ്ധവും സുതാര്യവുമാക്കണമെന്നും ഓരോ ഇന്ത്യൻ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നു.