ആനയെ മയക്കുവെടി വെച്ച് പിടികൂടാനായി പുലർച്ചെ മൂന്ന് മണിയോടെയാണ് ദൗത്യസംഘം വള്ളുവാടിയിലെ ജനവാസ മേഖലയിൽ എത്തിയത്. ആനയെ കൃത്യമായി ലൊക്കേറ്റ് ചെയ്തെങ്കിലും മയക്കുവെടി വെക്കാനുള്ള സാഹചര്യം ഒത്തുവന്നില്ല. ഇതിനിടെ മുട്ടിക്കൊമ്പൻ അക്രമാസക്തനായതോടെ സുരക്ഷ മുൻനിർത്തി മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിക്കുകയായിരുന്നു.
70-ഓളം ആർ.ആർ.ടി (RRT) ഉദ്യോഗസ്ഥരും അഞ്ച് കുങ്കിയാനകളും ഉൾപ്പെടുന്ന വൻ സന്നാഹമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. ഡ്രോണുകൾ ഉപയോഗിച്ച് ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വൈകീട്ട് 5:30 വരെ ആന ജനവാസ മേഖലയ്ക്ക് സമീപം തന്നെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉൾവനത്തിലേക്ക് നീങ്ങുകയായിരുന്നു. ദൗത്യം നീളുന്നത് വള്ളുവാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ വലിയ ആശങ്കയിലാക്കുന്നുണ്ട്.
ആനയെ പിടികൂടാനുള്ള അടുത്ത ഘട്ടം നാളെ പുലർച്ചെ തന്നെ പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ കാടിനുള്ളിൽ നിയോഗിച്ചിട്ടുണ്ട്.