ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

03:08 PM Apr 08, 2026 | വെബ് ടീം

ആലത്തൂർ: ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു ഇവരുടെ വിവാഹം.

വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചൊവ്വാ രാവിലെയാണു മരിച്ചത്. ഭർത്താവിന്റെ ഉമ്മ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചേ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നുള്ളുവെന്നും ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും അസ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസ്.