പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ ഹോം നഴ്സ് ക്രൂരമായി മർദിച്ചതായി പരാതി. 59കാരനായ ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്.സംഭവത്തിൽ പരുക്കേറ്റ ശശിധരൻ പിള്ളയെ പരുമലയിലുള്ള സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചു വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനുവേണ്ടിയാണ് അടൂരിലുള്ള ഏജൻസി വഴി ഹോം നഴ്സിനെ വച്ചത്.വീണു പരുക്കേറ്റെന്നായിരുന്നു ഹോം നഴ്സായ വിഷ്ണു ശശിധരൻ പിള്ളയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
എന്നാൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ വ‍്യക്തമായത്. തുടർന്ന് കൊടുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ‍്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സ് വിഷ്ണുവും ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.