+

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ; രണ്ടുപേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

ക്രിസ്തുമസ് പരീക്ഷ ചോദ്യകടലാസ് ചോർച്ച കേസിൽ രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. കൊടുവള്ളി എം.എസ്.സൊല്യൂഷൻസിലെ മാനേജരെയും അധ്യാപകനെയുമാണ് പുതുതായി പ്രതി ചേർത്തത്. ഇവരിൽ ഒരാൾ ഒളിവിൽ പോവുകയും മറ്റൊരാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.


ക്രിസ്മസ് പരീക്ഷാ ചോദ്യകടലാസ് ചോർന്ന കേസിൽ കൊടുവള്ളി എം എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് അടക്കം നാലുപേരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതിനുപുറമെയാണ് പുതുതായി രണ്ടുപേരെ കൂടി പ്രതി ചേർത്തിരിക്കുന്നത്. എം.എസ്. സൊല്യൂഷൻ മാനേജർ, മറ്റൊരു അധ്യാപകൻ എന്നിവരെയാണ് പുതുതായി പ്രതിചേർത്തത്. ഇവരിൽ മാനേജർ വിദേശത്തേക്ക് കടന്നതായും അധ്യാപകൻ ഒളിവിൽ പോയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. വിദേശത്തേക്ക് കടന്ന മാനേജർക്കായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണസംഘം നടപടി തുടങ്ങി. 


ഒളിവിൽ പോയ അധ്യാപകനായി തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം മേൽമുറിയിലെ സ്വകാര്യ സ്കൂളിലെ  ഓഫീസ് അസിസ്റ്റന്റ് ആയ പ്രതി അബ്ദുൽ നാസർ മറ്റൊരു പ്രതിയും എം എസ് സൊല്യൂഷനിലെ അധ്യാപകനുമായ ഫഹദിന് ചോദ്യക്കടലാസ് ചോർത്തി നൽകിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എം എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൂടാതെ ഇവരെയും മറ്റൊരു അധ്യാപകനായ ജിഷ്ണുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 


ഇവർക്ക് പുറമേ പുതുതായി  പ്രതിചേർക്കപ്പെട്ട മാനേജരുടെയുംഅധ്യാപകന്റെയും സഹായം യൂട്യൂബ് വഴി ചോദ്യകടലാസ് ചോർത്താൻ ലഭിച്ചിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പുതിയ രണ്ട് പ്രതികളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അന്വേഷണസംഘം കരുതുന്നുണ്ട്.

facebook twitter