+

പ്രിപോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം സർവേകൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അംഗം അഡ്വക്കേറ്റ് ജെ.എസ്. അഖിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയത്.

തെരഞ്ഞെടുപ്പിന് മുൻപ് വ്യാപകമായി പ്രക്ഷേപണം ചെയ്യുന്ന ഇത്തരം സർവേകൾ സുതാര്യമോ ശാസ്ത്രീയ അടിത്തറയുള്ളതോ അല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സർവേ ഫലങ്ങൾ വോട്ടർമാരുടെ മനോഭാവത്തെ തെറ്റായി സ്വാധീനിക്കാനും അതുവഴി തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ജെ.എസ്. അഖിൽ പറഞ്ഞു.


മാധ്യമങ്ങൾ നടത്തുന്ന ഇത്തരം പ്രവചനങ്ങൾ വോട്ടർമാരെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ടെന്നും ഇത് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം സർവേകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.

facebook twitter