കഴിഞ്ഞ മെയ് മാസത്തിലാണ് പെരൂർക്കട സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ ജോലിക്കുനിന്നിരുന്ന ആർ. ബിന്ദുവിനെ മോഷണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ ബിന്ദു താൻ നിരപരാധിയാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, യാതൊരു തെളിവുകളുമില്ലാതെ ബിന്ദുവിനെ പ്രതിയാക്കി എഫ്.ഐ.ആർ. ഉൾപ്പെടെ ഇട്ടുകൊണ്ട് പൊലീസ് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ചോദ്യം ചെയ്യലിൽ ബിന്ദുവിന് വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിൽ പോയി കുടിച്ചോളാൻ പോലും പോലീസ് പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിനു ശേഷം അടുത്ത ദിവസം രാവിലെ ഓമന ഡാനിയേൽ തന്നെ താൻ മറന്നുവെച്ച മാല സോഫയുടെ അടിയിൽ നിന്ന് കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ വിവരം ബിന്ദുവിനെയോ കൂടെയുള്ളവരെയോ അറിയിക്കാതെ, ചവർകൂനയിൽ നിന്നാണ് മാല കിട്ടിയതെന്ന വ്യാജവിവരം പ്രചരിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
സാധാരണഗതിയിൽ മാല തലയണയ്ക്കടിയിൽ വെയ്ക്കാറുള്ള ഓമന ഡാനിയേൽ അന്ന് സോഫയ്ക്കടിയിൽ വെച്ച ശേഷം മറന്നുപോവുകയായിരുന്നു. ഓമന ഡാനിയേലിന് ചെറിയ ഓർമ്മക്കുറവുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവർക്കും ബിന്ദു പരാതി നൽകിയിരുന്നു.
വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനും, വ്യാജ കേസ് കെട്ടിച്ചമച്ച് ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച പെരൂർക്കട എസ്.എച്ച്.ഓ ഉൾപ്പെടെയുള്ള പൊലീസുകാർക്കുമെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണക്കാർക്ക് നീതി ലഭിക്കേണ്ട പോലീസ് സ്റ്റേഷനിൽ നിന്ന് ഇത്തരമൊരു ദുരനുഭവമുണ്ടായത് ഗൗരവകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.