പേരൂർക്കട വ്യാജ മാലമോഷണക്കേസിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മോഷ്ട്ടാവാക്കാൻ കഥ മെനഞ്ഞത് പേരൂർക്കട പൊലീസെന്ന് ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. മാല മോഷണം പോയിട്ടില്ലെന്നും വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനും പേരൂർക്കട എസ് എച്ച് ഒ ക്കും എതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മെയിലാണ് അമ്പലമുക്ക് സ്വദേശിനി ഓമന ഡാനിയേലിന്റെ പരാതിയിൽ ബിന്ദുവിനെതിരെ പൊലീസ് കേസെടുത്തത് .
ഓമന ഡാനിയേരിന്റെ പരാതിയിൽ 20 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ. മാല എടുത്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ ബിന്ദു ആവർത്തിച്ചു, കരഞ്ഞുകാലുപിടിച്ചു. തെളിവുകൾ ലഭിക്കുന്നതിന് മുൻപ് ബിന്ദുവിനെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് എഫ്ഐആർ ഇട്ടു. മാല കാണാനില്ലെന്ന ഓമന ഡാനിയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട്ടിൽ ജോലിക്ക് നിന്നിരുന്ന ബിന്ദുവിനെ പൊലീസ് കേസിൽ പ്രതിയാക്കിയത്. തുടർന്ന് രാവിലെ ചവറകൂനയിൽ നിന്ന് മാല ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിന്ദുവിനെ പൊലീസ് വെറുതെ വിടുകയായിരുന്നു, 20 മണിക്കൂർ നീണ്ടുനിന്ന, മാനസികമായി അങ്ങേയറ്റം തളർത്തിയ ചോദ്യം ചെയ്യലിനോടുവിലും മാല ലഭിച്ച വിവരം പറയാതെയാണ് ബിന്ദുവിനെ പോലീസ് പറഞ്ഞുവിട്ടത്. തുടർന്ന് ചെയ്യാത്ത കുറ്റത്തിന് നേരിടേണ്ടിവന്ന അപമാനത്തിൽ ബിന്ദു മനുഷ്യവകാശ കമ്മീഷനിലും sc/st വിഭാഗത്തിലും പരാതി നൽകി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ ചേർത്ത് സംഭവത്തിൽ പുനരന്വേഷണം ആരംഭിച്ചു. പുനര്ന്വേഷണ റിപ്പോർട്ടിലാണ് പേരൂർക്കട പൊലീസിന് കുരുക്കാകുന്ന ട്വിസ്റ്റുള്ളത്.
ഓർമകുറവുള്ള ഓമന ഡാനിയേൽ തന്നെയാണ് വീട്ടിലെ സോഫക്കടിയിൽ വച്ച് മാല മറന്നത്, അടുത്ത ദിവസം മാല കണ്ടെത്തുന്ന ഓമനയും മകളും കാര്യം പോലീസിനെ അറിയിച്ചു, അപ്പോഴേക്കും ബിന്ദുവിനെ ചോദ്യം ചെയ്ത്, കേസിലെ പ്രതിയാക്കി fir ഇട്ടിരുന്നു. ചവറുകൂനയിൽ നിന്നാണ് മാല കിട്ടിയതെന്ന കഥ ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് തന്നെ മെനഞ്ഞതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലവും മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്. പേരൂർക്കട sho ക്കും പരാതി നൽകിയ ഓമന ഡാനിയേലിനും എതിരെ നടപടി വേണമെന്ന ആവശ്യവും പുനരന്വേഷണ റിപ്പോർട്ടിലുണ്ട്..