പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോഴിക്കോട് KSU ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉൾപ്പെടെ 12 ഓളം പ്രവർത്തകർ രംഗത്ത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ നടന്ന ഡിഡിഇ ഓഫീസ് ഉപരോധത്തിനിടെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. അന്നത്തെ എസ്.പി. കെ. ബിജുരാജാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നും സൂരജ് ആരോപിക്കുന്നു.
കൈകൾ പിന്നോട്ട് കെട്ടിയ ശേഷവും പൊലീസ് വാഹനത്തിൽ വെച്ചും പൊലീസ് സ്റ്റേഷനിൽ വെച്ചും മർദ്ദിച്ചതായി സൂരജ് വെളിപ്പെടുത്തി. കഴുത്തിന് പിടിക്കുകയും അവശനാകുന്നതുവരെ മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ ശേഷം വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടതായും സൂരജ് പറഞ്ഞു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി/വർഗ്ഗ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറും സൂരജിനെ കാണാനെത്തിയിരുന്നു. പിന്നീട് വടകര റൂറൽ എസ്.പി.ക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നവകേരള സദസ്സിനിടെയുണ്ടായ പ്രതിഷേധത്തിനിടെ KSU ജില്ലാ വൈസ് പ്രസിഡന്റ് രാഗിൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് ജോയൽ ആന്റണി എന്നിവരെ കഴുത്തിന് പിടിച്ച് മർദ്ദിച്ചതായും ദൃശ്യങ്ങൾ സഹിതം KSU ആരോപിച്ചു.
എന്നാൽ, KSU പ്രവർത്തകരുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അക്രമ സ്വഭാവം കാണിച്ചതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും എസ്.പി. കെ. ബിജുരാജ് പ്രതികരിച്ചു. KSU പ്രവർത്തകരുടെ പരാതി ഒത്തുതീർപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ശ്രമിക്കുന്നുവെന്നും കമ്മീഷൻ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും KSU ആരോപിക്കുന്നു.
പൊലീസ് ക്രിമിനലുകളായി മാറിയിരിക്കുകയാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും KSU പ്രവർത്തകർ ആവശ്യപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ പോരാട്ടം തുടരാനാണ് KSUവിന്റെ തീരുമാനം.