+

വിഴിഞ്ഞം ഉദ്ഘാടന വേദിയിലെ രാജീവ് ചന്ദ്രശേഖറിന്റെ പെരുമാറ്റം;പരിഹസിച്ച് ദേശാഭിമാനി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പെരുമാറ്റത്തെ പരിഹസിച്ച് ദേശാഭിമാനി. രാജീവ് ചന്ദ്രശേഖർ പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയെന്നാണ് പരിഹാസം.അതേസമയം, മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തിന്റെ അധികൃതർ ദേശീയ പത്രങ്ങളിൽ പരസ്യം നൽകി.


തുറമുഖ കമ്മീഷനിംഗിന്റെ  ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് വികസന കുതിപ്പേകാൻ വിഴിഞ്ഞം തയ്യാറെടുക്കുമ്പോൾ വിവാദങ്ങൾ ഒടുങ്ങുന്നില്ല. ഉദ്ഘാടനത്തിനു മുൻപും ശേഷവും നിരവധിയായിട്ടുള്ള രാഷ്ട്രീയ വിവാദങ്ങളാണ് വിഴിഞ്ഞത്തെ ചുറ്റിപ്പറ്റി തുടരുന്നത്. സമൂഹമാധ്യമങ്ങളിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിന്റെ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചതിനെതിരെ ട്രോളുകളും പരിഹാസവും നിറയുകയാണ്. 

കമ്മീഷനിങ്ങിന് തൊട്ടുമുൻപ് മുഖ്യമന്ത്രി കുടുംബസമേതം പദ്ധതി പ്രദേശം സന്ദർശിച്ചപ്പോൾ, ഈ ട്രോളുകളും എതിർസ്വരങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്ന് പറഞ്ഞാണ് ബിജെപി ഇതിനെ എതിർക്കുന്നത്. അതേസമയം, വിഴിഞ്ഞത്തിന്റെ പിതൃത്വ അവകാശം എങ്ങനെ എൽഡിഎഫ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് ചോദിക്കുന്നുണ്ട്.  

വിഴിഞ്ഞം കമ്മീഷനങ്ങിൽ സിപിഎം മുഖപത്രത്തിൽ യുഡിഎഫിനും ബിജെപിക്കും വിമർശനമുണ്ട്. ആകെയുള്ള 8686 കോടിയിൽ 5370 കോടി സംസ്ഥാനസർക്കാരാണ് ചിലവഴിക്കുന്നത്. ബാക്കിയുള്ള തുക അദാനി ചിലവഴിക്കുമ്പോൾ ബിജെപി എങ്ങനെ ഇതിന്റെ പിതൃത്വ അവകാശമെടുക്കാൻ കഴിയും. ഇത് അല്പത്തരമാണെന്നും സിപിഎം പരിഹസിക്കുന്നു. ഇത് അഗസ്ത്യാർകൂടം പോലെ ഉയർന്നു നിൽക്കുന്ന വസ്തുതയാണ്. സദസ്സിൽ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചുകൊടുത്തതും അല്പത്തരം എന്ന് സിപിഎം മുഖപത്രം പരിഹസിക്കുന്നു. 


പ്രതിപക്ഷ നേതാവ് സങ്കുചിത രാഷ്ട്രീയമാണ് തുറമുഖ ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടു നിന്നതിലൂടെ കാണിച്ചത് എന്നും വിമർശനമുണ്ട്. കോൺഗ്രസിൽ നിന്ന് ശശി തരൂർ എംപിയും എം വിൻസെന്റ് എംഎൽഎയും ചടങ്ങിൽ ആവേശപൂർവ്വം പങ്കെടുത്തപ്പോൾ, ക്ഷണമുണ്ടായിട്ടും ക്രെഡിറ്റ് നൽകിയില്ലെന്ന് പറഞ്ഞ് മാറി നിന്ന വി ഡി സതീശൻ ഒറ്റപ്പെട്ടുവെന്നും പരിഹസിച്ചു.


മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തിന്റെ അധികൃതർ ദേശീയ പത്രങ്ങളിൽ ഇപ്പോൾ പരസ്യം നൽകിയിരിക്കുകയാണ്. എന്നാൽ കമ്മിഷനിങ്ങിന് മുൻപ് നൽകിയ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പോലും ഉണ്ടായിരുന്നില്ല.

facebook twitter