തിരുവനന്തപുരം കഴക്കൂട്ടത്ത് മകനെ അച്ഛൻ വെട്ടിക്കൊന്നു; പിതാവ് പൊലീസ് കസ്റ്റഡിയിൽ

11:51 AM Sep 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കഴക്കൂട്ടം കരിയംവട്ടം ഉള്ളൂർക്കോണത്ത് മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഉള്ളാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഉണ്ണികൃഷ്ണൻ നായരാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയെ വിളിച്ച് മകൻ ഉള്ളാസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന വിവരം അറിയിച്ചത്. തുടർന്ന് ഉഷ വീട്ടിലെത്തി നോക്കിയപ്പോൾ ഹാളിൽ ഉള്ളാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ പോത്തൻകോട് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.മദ്യലഹരിയിലുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. ഉണ്ണികൃഷ്ണൻ നായരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.