പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് കുത്തേറ്റു; ഒളിവില്‍പ്പോയ പ്രതി 'കട്ടപ്പ' കുമാര്‍ പിടിയില്‍

06:33 PM Sep 05, 2025 | വെബ് ടീം

തിരുവനന്തപുരം: തിരുവോണദിനത്തിൽ പൂക്കടയില്‍വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശി അനീസ്‌കുമാറി(36)നാണ് കുത്തേറ്റത്. നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ട്' എന്ന സ്ഥാപനത്തില്‍ തിരുവോണദിവസം ഉച്ചയ്ക്ക് 1.15 -ഓടെയായിരുന്നു സംഭവം.

കടയിലെ ജീവനക്കാരനായ കുമാര്‍ എന്ന 'കട്ടപ്പ' കുമാറാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ പോലീസ് പിന്നീട് പിടികൂടി.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

രാജന് പൂവ് നല്‍കിയതുമായി ബന്ധപ്പെട്ട പണം വാങ്ങാനായാണ് അനീസ്‌കുമാര്‍ കടയിലെത്തിയത്. തുടര്‍ന്ന് അനീസ്‌കുമാറും കടയുടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാര്‍ പൂവ് മുറിക്കുന്ന കത്രിക ഉപയോഗിച്ച് അനീസ്‌കുമാറിന്റെ നെഞ്ചില്‍ കുത്തിയത്.ഒളിവില്‍പോയ കട്ടപ്പ കുമാറിനെ പിന്നീട് നെടുമങ്ങാട് മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.