ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നു; ക്രൂരത മൂന്നാമതും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ

03:18 PM Apr 04, 2026 | വെബ് ടീം

തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും 2 പെൺകുഞ്ഞുങ്ങളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.

ആൺമക്കൾ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെൺകുഞ്ഞ് എന്നറിഞ്ഞതോടെയാണ് ക്രൂരത. സംഭവത്തിൽ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

വാടകയ്ക്ക് നല്‍കാറുള്ള ഇവരുടെ തന്നെ നീന്തൽക്കുളത്തിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം നീന്തൽക്കുളമാണ്. ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്ച്ച രാത്രി ഫര്‍ഹാതും മക്കളും മറ്റ് കുടുംബാംഗങ്ങളോടൊപ്പം കുളത്തിനടുത്തെത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തിയത്. മൂന്നുപേരെയും കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുഭാര്യയും മക്കളും കാല്‍വഴുതി കുളത്തിലേക്ക് വീണു മരിച്ചെന്നായിരുന്നു ഭര്‍ത്താവ് അസ്ഹറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയത്. മൊഴിയിൽ സംശയമുണ്ടായതോടെ പൊലീസ് വിശദമായി അന്വേഷിച്ചു. പ്രണയിച്ചാണ് അസ്ഹറുദ്ദീനും ഫര്‍ഹാതും വിവാഹിതരായത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇനിയൊരു പെണ്‍കുഞ്ഞ് വേണ്ടെന്നു അസ്ഹറുദ്ദീന്‍ ഫര്‍ഹാതിനോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു.