വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബർ 10-നകം വിഷയത്തിൽ അന്തിമ തീരുമാനം അറിയിക്കണമെന്ന് കോടതി കർശന നിർദേശം നൽകി. ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും തീരുമാനം വൈകുന്നതിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂലൈ 31-ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഇരകളുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഒരു വർഷത്തിലേറെയായിട്ടും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്ന നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ അന്ത്യശാസനം.
ദുരന്ത നിവാരണ നിയമപ്രകാരം വായ്പ എഴുതിത്തള്ളാൻ ശുപാർശ ചെയ്യാനുള്ള വ്യവസ്ഥ കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയെന്നും അതിനാൽ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇതിന് അധികാരമില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചത്. ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയുടെ പുതിയ ഉത്തരവ്.
ഇനിയും സമയം നീട്ടിനൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത് അവസാന അവസരമാണെന്നും മുന്നറിയിപ്പ് നൽകി. ചർച്ചകൾ നടക്കുന്നു എന്ന മറുപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചാൽ അത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 10-നകം കേന്ദ്രം നിലപാട് വ്യക്തമാക്കിയേ മതിയാകൂ.