+

ജീവന് ഭീഷണിയുണ്ട്, മഹാത്മാഗാന്ധിയുടേത് പോലെയുള്ള കൊലപാതകം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം, കോടതിയിലറിയിച്ച് രാഹുൽ​ഗാന്ധി

മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ​ഗാന്ധി പൂനെ കോടതിയിൽ. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. ഇക്കാര്യം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.അഭിഭാഷകനായ മിലിന്ത് ദത്തത്രിയാ പവർ മുഖേന കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽഗാന്ധിയുടെ പരാമർശം.

മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല മറിച്ച് ഒരു പ്രത്യയശാസ്ത്രത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറ‍ഞ്ഞു. രാഹുൽ ഗാന്ധിയുടെ സമീപകാല ഇടപെടൽ വോട്ട് ചോർ സർക്കാർ എന്ന മുദ്രാവാക്യം ഉൾപ്പെടെ അപേക്ഷയിൽ വിശദീകരിക്കുന്നുണ്ട്. ബിജെപി നേതാവ് രവനീത് സിംഗ് ബിട്ടുവിന്റെ രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി എന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശവും കോടതിയെ അദ്ദേഹം അറിയിച്ചു. കേസ് സെപ്റ്റംബർ 10ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.



More News :
facebook twitter