വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സിപിഐഎം -ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ ആണ് തൃശൂരിലെത്തുന്നത്. രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം തൃശൂരിലെത്തുക. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. വിവാദങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ഇന്നലെ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ദിശ ബോര്‍ഡില്‍ പ്രവര്‍ത്തകന്‍ കരിയോയില്‍ ഒഴിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും സിപിഐഎം- ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സുരേഷ്‌ഗോപിയുടെ ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എന്ന തൃശ്ശൂരിലെത്തുന്നത്.