ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാതെ വിസിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിച്ച് ഗവേഷണ(പി.എച്ച്.ഡി) വിദ്യാർത്ഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വെച്ച് പി.എച്ച്.ഡി വിദ്യാർത്ഥിനിയായ ജീൻ ജോസഫാണ് എതിർപ്പ് പരസ്യമാക്കിയത്. തമിഴ്നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ജീൻ ജോസഫ് സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ് ജനതയുടെയും തമിഴ് ഭാഷയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നുവെന്ന് കാണിച്ചാണ് വിദ്യാര്‍ഥിനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി. വിദ്യാർത്ഥികൾ ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ നടപടി. വേണ്ട എന്ന രീതിയിൽ തലയാട്ടി വൈസ് ചാൻസലറിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെൺകുട്ടി സ്റ്റേജ് വിട്ടുപോകുകയായിരുന്നു.ഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്.
വിദ്യാർത്ഥിനി ഗവർണരിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിച്ച വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം