ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പിഴവുകളുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടര്‍മാര്‍ വ്യാപകമായി പട്ടികയില്‍ നിന്ന് പുറത്ത് പോവുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ഹര്‍ജികളിലെ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി നല്‍കും. കരട് വോട്ടര്‍ പട്ടികയിലെ പിഴവുകളില്‍ അടിയന്തിരമായി ഇടപെടുമെന്ന് കമ്മീഷന്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.