എച്ച്ആർഡിഎസ് (HRDS India) സ്ഥാപക സെക്രട്ടറിയും ചെയർമാനുമായ അജി കൃഷ്ണനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എച്ച്ആർഡിഎസിലെ മുൻ ജീവനക്കാരനാണ് തന്റെ 11 വയസ്സുള്ള മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചു എന്ന് കാട്ടി പരാതി നൽകിയത്.
2024-ലാണ് അതിക്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, ആരോപണം അജി കൃഷ്ണൻ നിഷേധിച്ചു. സ്ഥാപനത്തിനുള്ളിലെ തർക്കങ്ങളാണ് ഇത്തരമൊരു വ്യാജ പരാതിക്ക് പിന്നിലെന്നും ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പ്രതികരിച്ചു.
എഫ്‌ഐആറിൽ നിലവിൽ അജി കൃഷ്ണന്റെ പേര് ചേർത്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് നടന്നേക്കും. സ്ഥാപനത്തിലെ തർക്കത്തെ തുടർന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് പരാതിക്ക് പിന്നിലെന്നാണ് എച്ച്ആർഡിഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.