ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ തനിക്ക് നൽകാനുണ്ടായിരുന്ന 10 ലക്ഷം രൂപ തിരികെ നൽകിയതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി. പണം തിരികെ ലഭിച്ച സാഹചര്യത്തിൽ ശോഭയ്ക്കെതിരെ നൽകിയ പരാതി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ ഏഴിനാണ് തുക തന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂരിലുള്ള ശോഭ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വാങ്ങുന്നതിനായി 2023-ൽ 10 ലക്ഷം രൂപ നന്ദകുമാർ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ, ഈ ഭൂമി മറ്റ് രണ്ട് പേർക്ക് കൂടി നൽകാമെന്ന് ശോഭ സുരേന്ദ്രൻ വാഗ്ദാനം ചെയ്തതായി അറിഞ്ഞതിനെത്തുടർന്ന് നന്ദകുമാർ ഇടപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് ശേഷം നൽകിയ അഡ്വാൻസ് തുക തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് കാണിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു.
ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ഒരു ഇടനിലക്കാരൻ വഴി പണം ലഭിച്ചതെന്ന് നന്ദകുമാർ പറഞ്ഞു. കൂടാതെ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയൊരു തുക ചിലവാക്കിയതായും നന്ദകുമാർ ആരോപിച്ചു. ഇപി ജയരാജനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശോഭ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.