+

'വാ മൂടി കെട്ടാനാവില്ല ഇനിയും പറയും'; BJPക്കും പി.സി ജോര്‍ജിനും മറുപടിയുമായി ദീപിക

രാഷ്ട്രീയ താല്പര്യങ്ങൾക്കായി സഭയെയും സഭാ മുഖപത്രത്തെയും കരുവാക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി 'ദീപിക' പത്രം. ബിജെപി സ്ഥാനാർത്ഥികളായിരുന്ന പി സി ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും സമീപകാല ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് പത്രത്തിന്റെ മുഖപ്രസംഗം പുറത്തുവന്നിരിക്കുന്നത്.

'രാഷ്ട്രീയം ദുഷിപ്പിക്കുന്നവർ തട്ടിപ്പറിയ്ക്കരുത്' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ, എഫ്സിആർഎ (FCRA) വിഷയത്തിൽ സഭയെ ഭീഷണിപ്പെടുത്താൻ ആരും മുതിരേണ്ടെന്ന് പത്രം വ്യക്തമാക്കി. "എഫ്സിആർഎയെ കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും ഇതിൽ മാറ്റമുണ്ടാകില്ല" എന്ന് പത്രം കുറിച്ചു. പത്രത്തിന്റെ വായ മൂടിക്കെട്ടാൻ ആർക്കും കഴിയില്ലെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.


പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച ഇരുവരും വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കും പത്രത്തിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് വോട്ട് ചെയ്യരുതെന്ന് കന്യാസ്ത്രീ മഠങ്ങളിൽ വിളിച്ചു പറഞ്ഞുവെന്നും, ദീപിക പത്രം കോൺഗ്രസ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നുമാണ് ജോർജിന്റെ ആരോപണം. സഭ നേരിടുന്ന എഫ്സിആർഎ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് ഇടപെടലുകൾ നടത്തിയെന്നും എന്നാൽ അതിന് സഭ പ്രത്യുപകാരം നൽകിയില്ലെന്നും ജോർജ് ആരോപിച്ചിരുന്നു.


എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിയ ദീപിക, സഭയോ പത്രമോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്നാലെ പോകില്ലെന്ന് വ്യക്തമാക്കി. എഫ്സിആർഎയുടെ പേരിൽ ഭീഷണിപ്പെടുത്തിയാൽ അതിന് മുന്നിൽ മുട്ടുമടക്കില്ല. ഇത്തരം രാഷ്ട്രീയ ദുഷ്പ്രഭുക്കൾ സഭയുടെ നിലപാടുകളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും പത്രം തിരിച്ചടിച്ചു. സഭയെയും ബിജെപിയെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള പാലമായി നിന്ന പി സി ജോർജിന്റെ ഈ കടുത്ത നിലപാട് വരും ദിവസങ്ങളിൽ സഭയും ബിജെപിയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാനാണ് സാധ്യത.


facebook twitter