ബെംഗളൂരു: മദ്യപാനം ആരോഗ്യത്തിന് മാത്രമല്ല ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. കുടിച്ചു കൂത്താടി വീട്ടിലെത്തുന്ന ഭർത്താക്കന്മാർ ഈ വാർത്ത അറിയുമ്പോൾ നടുങ്ങും. മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് വഴക്കുണ്ടാക്കിയതിന് ഭാര്യ ഭർത്താവിനെ അടിച്ച് കൊന്നു. സംഭവത്തിൽ 32 കാരിയായ ഭാര്യ ശ്രുതി കുറ്റം സമ്മതിച്ചു. ബെംഗളൂരുവിലെ സുദ്ദഗുണ്ടെ പാളയയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.മരത്തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തി പലകയ്ക്ക് അടിച്ചാണ് ഭർത്താവ് ഭാസ്കറിനെ (42) തല്ലിക്കൊന്നതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. 12 വർഷം മുൻപാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. നേരത്തെ, താൻ ഉറങ്ങുന്നതിനിടെയാണ് ഭർത്താവ് മരിച്ചതെന്നാണ് ശ്രുതി പോലീസിനോട് പറഞ്ഞിരുന്നത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ, പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഭാസ്കറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതിൻ്റെ അടയാളങ്ങൾ കണ്ടെത്തി. റിപ്പോർട്ടുമായി നേരിട്ട് ചോദ്യം ചെയ്തപ്പോൾ ശ്രുതി കുറ്റം സമ്മതിക്കുകയായിരുന്നു.