+

'കഷ്ടപ്പെടാമെങ്കിൽ മാത്രം കാനഡയിലേക്ക് വന്നാ മതി!' അഞ്ചോ ആറോ വേക്കന്‍സിയ്ക്കായ് നീണ്ട ക്യൂ; വിഡിയോയുമായി ഇന്ത്യന്‍ യുവതി

നാട് വിട്ട് വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് കാനഡ, യുകെ എന്നിവടങ്ങളിലേക്ക് മെച്ചപ്പെ‌ട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും ലഭിക്കാനായി പറക്കുകയാണ് കേരളീയ യുവത്വം.  യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കു‌ടിയേറുന്നവര്‍ നിരവധിയാണ്. എന്നാല്‍ കാനഡ പോലുള്ള ചില രാജ്യങ്ങളിൽ ചെന്നെത്തിയാലും തരക്കേടില്ലാത്ത ജോലി വാങ്ങിയെടുക്കാൻ വലിയ പ്രയാസമെന്നാണ്  അവി‌ടെ താമസമാക്കിയ ഇന്ത്യന്‍ വനിത പറയുന്നത്. തെളിവായി ഇന്‍സ്റ്റഗ്രാം റീല്‍സുമായെത്തിയിരിക്കുകയാണ് അവർ.

@kanutalescanada എന്ന ഉപയോക്താവാണ്  ഇൻസ്റ്റഗ്രാമിൽ ജോലിക്കായി ക്യൂ നിക്കുന്നവരു‌ടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'ഹായ് ഫ്രണ്ട്സ്, കാനഡയിലെത്തിയാല്‍ എല്ലാവര്‍ക്കും അ‌ടിപൊളി ജോലിയും ഉയര്‍ന്ന ശമ്പളവും ലഭിക്കുമെന്നാണോ നിങ്ങളുടെ ചിന്ത. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല.  ഇന്ത്യൻ സുഹൃത്തുക്കൾക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം. '- യുവതി വിഡിയോയില്‍ പറയുന്നു.' കാനഡയിലെ യാഥാർത്ഥ്യം ഈ കാണുന്ന നീണ്ട ക്യൂ ആണ്. കഷ്ടപ്പെടാന്‍ പറ്റുമെങ്കില്‍ മാത്രം കാനഡയില്‍ വരൂ. അല്ലെങ്കിൽ ഇന്ത്യയില്‍ തന്നെ തു‌ടരുന്നതാണ് നല്ലത്.'-  യുവതി വ്യക്തമാക്കുന്നു. 2 മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. അഞ്ചോ ആറോ പേരു‌‌ടെ ഒഴിവ് നികത്താന്‍ ന‌ടത്തുന്ന തൊഴിൽ മേളയ്‌ക്കെത്തിയ ആളുകളാണ് വീഡിയോയിലുള്ളത്.  തൊഴിൽ മേളയിൽ പങ്കെടുക്കാൻ നില്‍ക്കുന്നവരു‌ടെ നീണ്ട ക്യൂവാണ് യുവതി റീല്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

യുകെയിൽ ഒക്കെ എത്തി വരാന്തയിൽ കിടന്നു ഉറങ്ങുന്നവരുടെ വീഡിയോ കണ്ട് നെഞ്ചിടിപ്പുമായിരിക്കുന്നവരുടെ മുന്നിലേക്ക് മറ്റൊരു രാജ്യത്തെ സ്ഥിതി കൂടി കാണിച്ച്  എത്തിയ വീഡിയോ വൈറൽ ആയിട്ടുണ്ട്.വിദേശത്തേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നവർ ഇത് കണ്ടിട്ട് നന്നായി ആലോചിച്ച് വേണം കാര്യങ്ങള്‍ ചെയ്യാന്‍ എന്ന്  യുവതിയു‌ടെ മുന്നറിയിപ്പും വിഡിയോയിൽ ഉണ്ട്.  


facebook twitter