ഇറാനിൽ യുഎസ്-ഇസ്രയേൽ വ്യോമാക്രമണം: പത്തോളം റെയിൽവേ ട്രാക്കുകളും സ്റ്റേഷനുകളും ഹൈവേകളും തകർത്തു; ഖാർഗ് ഐലൻഡിൽ യുഎസിന്റെ വൻ ബോംബാക്രമണം

06:55 PM Apr 07, 2026 | വെബ് ടീം

ടെഹ്റാൻ: ഇറാനിലെ വിവിധ ഭാഗങ്ങളിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ   അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര. പത്തോളം റെയിൽവേ ട്രാക്കുകൾ, കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്‌റാൻ പാതയിലെ ഹൈവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്.

കാഷാനിലെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത  റിപ്പോർട്ടുണ്ട് 

കൂടാതെ, സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ഈ ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം  ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ യുഎസ് സൈന്യം വൻതോതിൽ ബോംബാക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച് 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങൾ ആഞ്ഞടിച്ചത്.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഓരോ പവർ പ്ലാന്റും പാലങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഖാർഗ് ഐലൻഡ് ലക്ഷ്യം വെച്ചതെന്നാണ് വിലയിരുത്തൽ.