കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന കണ്ടെത്തലിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ വകുപ്പിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ ആണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു..
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുന്നത് ഈ വർഷം, മെയ് മാസം 13നാണ്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊണ്ട സർക്കുലർ അധികൃതർ നടപ്പാക്കിയില്ല എന്ന റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മന്ത്രിക്ക് കൈമാറി. ഫിറ്റ്നസ് നൽകുന്നതിനു മുൻപുള്ള പരിശോധന കാര്യക്ഷമമല്ല. ഷെഡിന്റേത് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയ റിപ്പോർട്ടിൽ പ്രധാന അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കുന്നു. ഫിറ്റ്നസ് നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും പിഴവ് സംഭവിച്ചു എന്നാണ് റിപ്പോർട്ട്.