ചരിത്രം നിശ്ചലം; വിപ്ലവ തീപന്തമണഞ്ഞു..വിഎസിന് റെഡ് സല്യൂട്ട്. കാസറഗോഡ്,നീലേശ്വരം വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോകളില്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളിലെ വരികളാണിത്. ഈ വരികളില്‍ വിഎസിനോടുള്ള തീവ്രമായ സ്‌നേഹവും അടങ്ങാത്ത ആവേശവും കാണാം. എക്കാലവും വി.എസിന്റെ എറ്റവും വലിയ ശക്തി കേന്ദ്രമായിരുന്നു ഈ ഓട്ടോ സ്റ്റാന്‍ഡ്. 2006ലും 2011ലും വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തില്‍ ആദ്യമായി പ്രതിഷേധ പ്രകടനം നടന്നത് ഇവിടെയായിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ സ്വന്തം തട്ടകമാണ് നീലേശ്വരം വി എസ് ഓട്ടോ സ്റ്റാന്‍ഡ്. അദ്ദേഹത്തെ തീവ്രമായി സ്‌നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കേന്ദ്രം.. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഒഴിവാക്കിക്കൊണ്ട് സി.പി.എം. നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോഴും,2011ലും വി.എസിന് സീറ്റ് നിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് വന്നപ്പോഴും ഇവിടെ പ്രകടനങ്ങള്‍ നടന്നു. വി.എസിനെ അനുകൂലിച്ചതിന്റെ പേരില്‍ പലപ്പോഴും പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചുവെങ്കിലും ഇവര്‍ വിഎസിന്റെ കൂടെ ഉറച്ച് നിന്നു.
ഈ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിന്നും വി.എസിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫ്‌ലെക്‌സ് ബോര്‍ഡ് നീക്കം ചെയ്യാന്‍ പലരീതിയിലും ശ്രമങ്ങള്‍ നടന്നിരുന്നു...ഒടുവില്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കി പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഒഴിവാക്കേണ്ടി വന്നപ്പോഴാണ് ഫ്‌ലെക്‌സ് ബോര്‍ഡ് ഇവിടെ നിന്ന് മാറ്റേണ്ടി വന്നത്. വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവനായകന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇവര്‍ തങ്ങളുടെ പ്രിയനേതാവിന്റെ വിയോഗത്തില്‍ വേദനയിലാണ്. തങ്ങള്‍ ഹൃദയത്തില്‍ ഏറ്റിയ നേതാവിന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലെന്നും വി എസ്സിന് തുല്യം വിഎസ് മാത്രമാണെന്നും ഇവര്‍ പറയുന്നു.
വി എസ്സിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കൂറ്റന്‍ ഫ്‌ലക്‌സും നീലേശ്വരത്തെ പഴയ വിഎസ് ഓട്ടോ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട..ചരിത്രം നിശ്ചലം വിപ്ലവ ജ്വാല അണഞ്ഞു. വിഎസിന് റെഡ് സല്യൂട്ട് എന്നാണ് ഫ്‌ലെക്‌സില്‍ ആലേഖനം ചെയ്തിരിക്കുന്നത്...കൂടാതെ ഇതേ വരികളുള്ള പോസ്റ്ററുകളും ഓട്ടോകളില്‍ പതിപ്പിച്ചിട്ടുണ്ട്....ഈ വരികളില്‍ വിഎസിനോടുള്ള ഇവരുടെ തീവ്രമായ സ്‌നേഹവും അടങ്ങാത്ത ആവേശവും കാണാം.