ആലപ്പുഴ: രക്തസാക്ഷികൾ അന്തിയുറങ്ങുന്ന പുന്നപ്രയിലെ വലിയ ചുടുകാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലെത്തിച്ചു. മഴയെ വക വയ്ക്കാതെ ആൾക്കൂട്ടം, ആദരമർപ്പിക്കാൻ പതിനായിരങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പൊതുദർശനം ആരംഭിച്ചത്. പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ട്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ വിഎസിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. പതിനായിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി കാണാനും അന്തിമാഭിവാദ്യമർപ്പിക്കാനും ഗ്രൗണ്ടിലെത്തിയത്. ഇവിടുത്തെ ജനത്തിരക്കിനനുസരിച്ച് സംസ്കാരച്ചടങ്ങിന്റെ സമയക്രമത്തിൽ മാറ്റം വന്നേക്കാമെന്നു നേതാക്കൾ സൂചിപ്പിക്കുന്നു.