+

വാട്സാപ് ഗ്രൂപ്പിൽ സ്റ്റാറ്റസ്,സന്ദേശം; യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫർസീനയെ (35) താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.

സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഫർസീനയുടെ വാട്സാപ്പ് സ്റ്റാറ്റസ് വന്നതോടെയാണ് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചത്. വിവരം മെഡിക്കൽ കോളജ് പി.എം.ആർ വിഭാഗം മേധാവിയെ ധരിപ്പിച്ചു. പിന്നാലെ ഡോ.  ഫർസീനയുടെ ഫ്ലാറ്റിലേക്ക് ആശുപത്രിയിലെ ഓർത്തോട്ടിസ്റ്റിനെ പറഞ്ഞയച്ചു. ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചപ്പോൾ ഡോ. ഫർസീന തന്നെ കതകുതുറന്നു. കൂട്ടിക്കൊണ്ടുവരാൻ വകുപ്പ് മേധാവി ആവശ്യപ്പെട്ടതായി അറിയിച്ചു. വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഫർസീന മുൻഭാഗത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും അകത്തുനിന്ന് പൂട്ടി. പിന്നാലെ പൊലീസിൽ വിവരം നൽകി. വാതിലുകൾ ചവിട്ടി തുറന്നു പൊലീസ് അകത്തു കടന്നപ്പോഴേക്കും കിടപ്പുമുറിയിൽ ഫർസീന തൂങ്ങിമരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച ഉച്ചവരെ ഡോ. ഫർസീന ഡ്യൂട്ടിയിലുണ്ടായിരുന്നു. വിഷാദ രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. രണ്ടു മക്കളുണ്ട്. കൽപകഞ്ചേരി മാമ്പ്ര കുഞ്ഞി പോക്കറുടെ മകളാണ്.



facebook twitter