സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കി, വ്യാജരേഖകൾ ചമച്ച് തൃശൂരിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്നാണ് കോൺഗ്രസിൻ്റെ പ്രധാന ആരോപണം. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ, തൃശൂർ എസിപിക്ക് അന്വേഷണ ചുമതല കൈമാറി. വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. വിഷയത്തിൽ ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോടും പൊലീസ് നിർദ്ദേശം തേടും.
2024-ൽ തൃശൂരിൽ സ്ഥിരതാമസക്കാരനാണെന്ന് കാണിച്ച് സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം നൽകിയെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലെ വോട്ടർ പട്ടികയിൽ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ നിലനിൽക്കുന്നുണ്ട്. ഇത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും, വിഷയത്തിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.