നിർമ്മാതാവ് സാന്ദ്ര തോമസിൻ്റെ ഹർജിയിൽ എറണാകുളം സബ് കോടതി ഇന്ന് വിധി പറയും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. ഇതോടൊപ്പം, സംസ്ഥാനത്തെ താത്ക്കാലിക വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നും, ബൈലോ പ്രകാരമുള്ള യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളിയത് നിയമപരമായി നിലനിൽക്കില്ലെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറയുന്നു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അസോസിയേഷൻ്റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നാണ് സാന്ദ്രയുടെ വാദം. നാളെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.